ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ്റെ ആരോപണങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരാകരിച്ചു. പാകിസ്ഥാൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാരഹിതവുമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിറക്കി.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗണിലുള്ള തർലായ് ഇമാംബർഗയിലാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും170-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നിരോധിത സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്ഥാന്റെ ഒരു വിഭാഗമായ ജമാഅത്തുൽ അഹ്റാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും മറ്റ് നേതാക്കളും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയതിനെ തുടർന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാന്റെ ആഭ്യന്തര പരാജയങ്ങളിൽ നിന്നും രാഷ്ട്രീയ അസ്ഥിരതയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രമാണിതെന്ന് ഇന്ത്യ പരിഹസിച്ചു.
ഇത്തരം തെറ്റായ ആരോപണങ്ങൾ വഴി അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ പാകിസ്ഥാന് കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സ്ഫോടനത്തെത്തുടർന്ന് ഇസ്ലാമാബാദിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബലൂചിസ്ഥാനിലും മറ്റും നടന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സ്ഫോടനത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കാണുന്നത്.